ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തേക്കാള്‍ വലിയ ഛിന്നഗ്രഹം ഭൂമിയോട് അടുത്ത് വരുന്നുവെന്ന് ശാസ്ത്ര ലോകം. 7482 (1994 പിസി1) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം വരുന്ന ചൊവ്വാഴ്ച ഭൂമിക്ക് സമീപത്ത് കൂടെ കടന്നുപോകുമെന്നാണ് നാസയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഛിന്നഗ്രഹത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ അല്ലെങ്കില്‍ 3,280 അടിയില്‍ കൂടുതല്‍ വീതി കണക്കാക്കപ്പെടുന്നു. 1,454 അടി ഉയരമുള്ള ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ഇരട്ടിയിലധികം വലുപ്പമുണ്ട് ഇതിന്. 2,716.5 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയേക്കാള്‍ വലുപ്പമുണ്ടിതിനെന്നും വിദഗ്ധര്‍ പറയുന്നു.
സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്ന ഈ ഉല്‍ക്ക ചൊവ്വാഴ്ച ഭൂമിക്ക് അരികിലൂടെ കടന്നു പോകുമെന്നാണ് പ്രവചനം. ഭൂമിയില്‍ നിന്ന് 19 ലക്ഷം കിലോമീറ്റര്‍ ദൂരത്ത് കൂടിയാണ് ഇത് കടന്നു പോകുക. ഈ ഉല്‍ക്കയ്ക്ക് അടുത്ത കാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഉല്‍ക്കകളെക്കാള്‍ വലിപ്പം കൂടുതലാണ് എന്നതാണ് ശാസ്ത്ര ലോകം പങ്കു വയ്ക്കുന്നത്.
1933 ജനുവരി 17 നാണ് ഇതിന് മുമ്പ് ഭൂമിക്കടുത്ത് കൂടി വലിയ ഉല്‍ക്ക കടന്നു പോയത്. 7,00,000 മൈല്‍ പരിധിയിലായിരുന്നു അത്. അടുത്ത തവണ ഭൂമിയുടെ ഇത്രയും അടുത്ത ദൂരത്തില്‍ ഛിന്നഗ്രഹത്തെ പ്രതീക്ഷിക്കുന്നത് 2105 ജനുവരി 18 നാണ്. അത് 1,445,804 മൈലുകള്‍ക്കുള്ളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
1994 ഓഗസ്റ്റില്‍ കണ്ടെത്തിയ ഈ പ്രത്യേക ഛിന്നഗ്രഹത്തെ നാസ നിരീക്ഷിച്ചു വരുകയായിരുന്നു, ഇതിനെ അപ്പോളോ ഛിന്നഗ്രഹമായാണ് തരം തിരിച്ചിരുക്കുന്നത്. അതായത് അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തെ മറികടക്കുന്നു. നാസയുടെ അഭിപ്രായത്തില്‍ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന, ഭൂമിയോട് അടുത്ത് വരാനുള്ള സാധ്യത കാരണം ഇതിനെ 'അപകടസാധ്യതയുള്ളത്' എന്നും തരം തിരിച്ചിരിക്കുന്നു.
ആറുലക്ഷം വര്‍ഷം കൂടുമ്പോള്‍ വരുന്ന ഇത്തരത്തിലുള്ള ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണി സൃഷ്ടിച്ചേക്കാമെന്നണാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മണിക്കൂറില്‍ 70,000 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. ഇതിന്റെ സഞ്ചാരപഥം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അറിയപ്പെടുന്ന ഒരു ദശ ലക്ഷത്തിലധികം ഛിന്നഗ്രഹങ്ങളുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഭൂമിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതല്ല. നാസ പറയുന്നതനുസരിച്ച് കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒരു ബസിന്റെ വലുപ്പമുള്ളതും മൂന്ന് വീടിന്റെ വലുപ്പമുള്ളതും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഛിന്നഗ്രഹങ്ങളെങ്കിലും ഭൂമിയെ ചുറ്റി കടന്നു പോയി.