കൊച്ചി: ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ല. രണ്ട് പരസ്യങ്ങളുടെ ഓഡിഷന്‍ വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്ടമായെന്നും മാല പാര്‍വതി പറയുന്നു.
വ്യാജ മരണ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് മാല പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ ആശയക്കുഴപ്പത്തിലായി. ഇത് ഗുരുതരമാണ്. ഞാന്‍ മരിച്ചുവെന്ന് അവര്‍ കരുതിയതിനാല്‍ തനിക്ക് വര്‍ക്ക് നഷ്ടപ്പെട്ടതായി മാല പാര്‍വതി പറഞ്ഞു.
മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോയെന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണ്. വാട്‌സ് ആപ്പില്‍ പിക് മാറിയതുകൊണ്ടാണ് കാസ്റ്റിംഗ് ഏജന്റ് തന്നെ ഇക്കാര്യം പറയുന്നത്. രണ്ട് പരസ്യങ്ങളുടെ ഓഡിഷന്‍ ആണ് മിസ് ആയതെന്നും മാല പാര്‍വതി പറയുന്നു.
മാല പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'എഫ്.ഐ.ആര്‍' എന്ന തമിഴ് ചിത്രമാണ്. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലായിരുന്നു നായകന്‍. നായകന്റെ അമ്മ കഥാപാത്രം 'പര്‍വീണ ബീഗ'മായിട്ടാണ് മാല പാര്‍വതി അഭിനയിച്ചത്. മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്മ പര്‍വ'മാണ് മാല പാര്‍വതിയുടെ പുതിയ റിലീസ്.