വൈദികന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 15 ദിവസത്തിനിടെ കണ്ടത് 15,000 ആളുകള്‍
കൊച്ചി: ഒടിടി കൈയ്യടക്കി വൈദികനായ ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രം 'ഋ'. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് എത്തി 15 ദിവസം കൊണ്ട് 15,000 ആളുകളാണ് ചിത്രം കണ്ടത്. ഒരു വൈദികന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം അതും ഒരു പ്രണയ ചിത്രം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നത് ഏറെ അഭിമാനം നല്‍കുന്നതാണ്. മാത്രമല്ല ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഒരു മലയാള സിനിമയ്ക്ക് ഇത്രയധികം പ്രേക്ഷകരെ ലഭിക്കുക എന്നത് ആപൂര്‍വമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പറയുന്നു.
ക്യാമ്പസ് പ്രണയം രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചത്തലത്തില്‍ ആവിഷ്‌കരിക്കുന്ന സിനിമയാണ് 'ഋ'. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം ഒഥല്ലോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സര്‍വകലാശാല കാമ്പസില്‍ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയിലൂടെ സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ജാതി ചിന്തയും വര്‍ഗ വിവേചനവും വര്‍ണവെറിയുമൊക്കെയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് വരുമ്പോള്‍ വര്‍ഗീയതയുടെ വിഷം ചീറ്റലില്‍ ഇരയാകപ്പെട്ടവരുടെ ജീവിതങ്ങള്‍ ദുരന്തമായി പര്യവസാനിക്കുന്നതാണ് കാണുന്നത്. അപ്പഴും വര്‍ഗീയത എന്ന വിഷം യാതൊരുവിധ പരിക്കുകളുമില്ലാതെ സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്ന പച്ചയായ യാഥാര്‍ത്ഥ്യവും സിനിമ പറഞ്ഞു വയ്ക്കുന്നു.
തീയറ്ററിലേറ്റ പരാജയത്തിന്റെ ക്ഷീണം ഒടിടിയിലെ സ്വീകരണത്തിലൂടെ മാറിയിരിക്കുകയാണ്. ക്ലൈമാക്സിലെ ട്രാജിക്കല്‍ എന്‍ഡാണ് തീയറ്ററുകളില്‍ പ്രക്ഷകരെ അകറ്റി നിര്‍ത്തിയതെങ്കില്‍ ഒടിടിയില്‍ പ്രേക്ഷകര്‍ സ്വീരിച്ചതും ഇതേ ക്ലൈമാക്സ് തന്നെയാണ്. ഒഥല്ലോയോട് അങ്ങേയറ്റം നീതി പുലര്‍ത്തണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് വാണിജ്യ സിനിമകളുടെ ചേരുവകകളില്‍ നിന്ന് അകറ്റി കലാമൂല്യത്തിന് ഊന്നല്‍ നല്‍കിയുള്ള ദുരന്തപര്യവസായി സിനിമ അവസാനിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കിയത്.
മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസിലാണ് ചിത്രം പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. കാമ്പസില്‍ നടന്ന സംഭവങ്ങളൊക്കെ ചിത്രത്തില്‍ അതേപടി ഉപയോഗിച്ചിട്ടുണ്ട്. രഞ്ജി പണിക്കര്‍, രാജീവ് രാജന്‍, നയന എല്‍സ, ഡെയിന്‍ ഡേവിസ്, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ സംവിധായകനായ ഫാ. വര്‍ഗീസ് ലാല്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ സിനിമയില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് 'ടാബ്' എന്നൊരു ഷോട്ട് ഫിലിം അദേഹം എടുത്തിട്ടുണ്ട്. അമ്പത് ലക്ഷത്തോളം ആളുകളാണ് 'ടാബ്' കണ്ടത്. അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്.
ചിത്രത്തിന്റെ തിരക്കഥ എംജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് അധ്യാപകനായ ഡോ. ജോസ് കെ. മാനുവലിന്റേതാണ്. കാമ്പസിലെ പൂര്‍വ വിദ്യാര്‍ഥിയും നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയാണ് ഛായാഗ്രഹണവും ചിത്ര സംയോജനവും നിര്‍വഹിച്ചിട്ടുള്ളത്.
സംഗീതം സൂരജ് എസ്. കുറുപ്പ്, ഗാനരചന വിശാന്‍ ജോണ്‍സണ്‍
ആലാപനം: വിനിത് ശ്രീനിവാസന്‍, മഞ്ജരി, പി.എസ് ബാനര്‍ജി.
ഷേക്സ്പിയര്‍ പിച്ചേഴ്സിന്റെ ബാനറില്‍ ഗിരീഷ് രാം കുമാര്‍, ജോര്‍ജ് വര്‍ഗീസ്, മേരി ജോയ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.