വത്തിക്കാൻ: ലൈംഗിക ചൂഷണത്തിന് ഇരയായവരോടൊപ്പമുള്ള തന്റെ നിലപാടും ഈ തിന്മയെ ഉന്മൂലനം ചെയ്യാനുള്ള സഭയുടെ പ്രതിബദ്ധതയും താൻ പുതുക്കുന്നു എന്ന് ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ചദിന പൊതു കൂടിക്കാഴ്ചയുടെ അവസരത്തിൽ നൽകിയ സന്ദേശത്തിന്റെ അവസാനം വത്തിക്കാൻ കാര്യാലയം ചൊവ്വാഴ്ച പുറത്തിറക്കിയ മക്കാറിക് റിപ്പോർട്ടിനെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
വാഷിംഗ്ടൺ ആർച്ചുബിഷപ്പായിരുന്ന തിയഡോർ ഇ മക്കാറിക്കിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വത്തിക്കാൻ കാര്യാലയത്തിന് വ്യക്തമായ നിഗമനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. 2017ൽ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച വത്തിക്കാൻ സമിതി അദ്ദേഹത്തിനെതിരെ ഉണ്ടായ ആരോപണം സത്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇക്കഴിഞ്ഞ നവംബർ 10 ചൊവ്വാഴ്ചയാണ് പ്രസ്തുത റിപ്പോർട്ട് സമർപ്പിച്ചത്. 2017ൽ ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശപ്രകാരം അദ്ദേഹം തൻറെ സ്ഥാനം രാജിവച്ചിരുന്നു. 2019ൽ അദ്ദേഹത്തെ പൗരോഹിത്യത്തിൽനിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇത്തരം തിന്മകളെപ്പറ്റി എല്ലാവർക്കും ബോധ്യം നൽകുന്നതിനും ഇപ്രകാരമുള്ള പ്രവർത്തികളെ തടയാൻ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുന്നതിനും ഇത് സഹായിക്കും എന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് 19 വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ബുധനാഴ്ചദിനങ്ങളിലെ പൊതു കുടിക്കാഴ്ച മാധ്യമങ്ങളിലൂടെ നൽകുന്നത് പുനരാരംഭിച്ചിരുന്നു.