ഗുവാഹത്തി: മ്യാന്മര്‍ അതിര്‍ത്തിയിലെ തങ്ങളുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം- ഇന്‍ഡിപെന്‍ഡന്റ് (ഉള്‍ഫ-ഐ) ആരോപിച്ചു.
ഞായറാഴ്ചയാണ് മ്യാന്മറിലെ സഗൈങിലുള്ള തങ്ങളുടെ ക്യാമ്പുകളില്‍ ആക്രമണം ഉണ്ടായെന്ന് പരേഷ് ബറൂവ നേതൃത്വം നല്‍കുന്ന ഉള്‍ഫ (ഐ)യുടെ ആരോപണം. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇത് നിഷേധിച്ചു.
പുലര്‍ച്ചെ രണ്ട് മുതല്‍ നാല് വരെ നാഗാലാന്‍ഡിലെ ലോങ്വ മുതല്‍ അരുണാചല്‍ പ്രദേശിലെ പാങ്‌സോ പാസ് വരേയുള്ള മേഖലയില്‍ ആക്രമണം നടത്തിയെന്നാണ് ഉള്‍ഫ ആരോപിക്കുന്നത്.
ഇസ്രായേല്‍, ഫ്രാന്‍സ് നിര്‍മിതമായ 150 ലേറെ ഡ്രാണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തില്‍ വിമത സൈനികരായ നയന്‍ അസം, ഗണേഷ് അസം, പ്രദീപ് അസം എന്നിവര്‍ കൊല്ലപ്പെട്ടുവെന്നും 20 പേര്‍ക്ക് പരിക്കേറ്റുവെന്നും ഉള്‍ഫ പ്രസ്താവനയില്‍ ആരോപിച്ചു.
നയന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് രണ്ടാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിലാണ് മറ്റ് രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതെന്നും മ്യാന്മര്‍ സൈന്യവുമായി സഹകരിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ ഗുവാഹത്തിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര റാവത്ത് ഇക്കാര്യം നിഷേധിച്ചു. ഇന്ത്യന്‍ സൈന്യത്തിന് അത്തരത്തില്‍ ഒരു ഓപ്പറേഷനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അദേഹം വ്യക്തമാക്കി. ഇത്തരം ആക്രമണം ഉണ്ടായിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പറഞ്ഞു.