കൊച്ചി: ക്രൈസ്തവ സമൂഹത്തോട് ബിജെപിക്ക് ഇരട്ടാത്താപ്പെന്ന് ദീപിക മുഖപ്രസംഗം. "വേട്ടക്കാരന് കൈയ്യടിച്ച് ഇരയെ തലോടുകയോ?" എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി ഇറങ്ങുന്നതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ക്രൈസ്തവ പീഡനങ്ങൾക്ക് ബിജെപി ഒത്താശക്കാരായി നിലകൊള്ളുന്നുണ്ട്. ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വേണമെന്നും ദീപിക മുഖപ്രസംഗത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്.
"വർഗീയത ആളിക്കത്തിച്ച് മഹാരാഷ്ട്രയിൽ ബിജെപി നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. ക്രൈസ്തവരെ ഭയചകിതരാക്കി എന്ത് നേട്ടമാണ് ബിജെപിയും സംഘപരിവാറും കണക്ക് കൂട്ടുന്നത്? ബിജെപി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ന്യൂനപക്ഷ സമീപനത്തിൽ വ്യക്തത വേണം," എന്നും ദീപിക മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്താകെ നടന്ന ക്രൈസ്തവ വേട്ടയും മതപരിവർത്തനം ആരോപിച്ചുള്ള അതിക്രമങ്ങളും കണക്ക് നിരത്തി വിശദമാക്കുന്നുണ്ട് മുഖപ്രസംഗത്തിൽ. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങളുണ്ടായി. 1,682 പേർ അറസ്റ്റിലായി. ഇതില്‍ നാല് കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ എന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നു.