തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷന്‍സ് കോടതി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളില്‍ കാല താമസം ബാധകമല്ലെന്നും പൊലീസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയെ അറിയിച്ചു. കേസില്‍ ഇരയോ മൊഴിയോ ഇല്ല. കെപിസിസി പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിതെന്നും പരാതിക്കാരിയുടെ പേരോ സംഭവ സ്ഥലമോ വ്യക്തമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെന്നും രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
രാഹുലിനെതിരെ ബംഗളൂരു സ്വദേശിനി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് ആണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. ആദ്യ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെയാണ് രണ്ടാമത്തെ കേസും പരിഗണിക്കുന്നത്.