യു.കെയില്‍ പുതിയ കോവിഡ് വകഭേദം XE കണ്ടെത്തി; ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി

യു.കെയില്‍ പുതിയ കോവിഡ് വകഭേദം  XE കണ്ടെത്തി; ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം എക്‌സ്ഇ യു.കെയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കോവിഡ് വകഭേദമായ ഒമിക്രോണിനേക്കാള്‍ വേഗം എക്‌സ്ഇ പകരാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒമിക്രോണിനേക്കാള്‍ പത്തു ശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം.

ജനുവരി 19-നാണ് എക്സ്ഇ വകഭേദം ബാധിച്ച കേസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ, ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണ് ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നത്.

എക്‌സ്ഇ എന്നത് ഒമിക്രോണ്‍ ബിഎ.1, ബിഎ.2 വകഭേദങ്ങളില്‍ മ്യൂട്ടേഷന്‍ സംഭവിച്ച് ഉണ്ടായതാണ്. കോവിഡിന്റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരു രോഗിയെ ബാധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് ഇത്തരത്തില്‍ ജനതകമാറ്റങ്ങള്‍ സംഭവിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

യു.കെയില്‍ കോവിഡ് വൈറസ് വ്യാപനം ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 4.9 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

ലോകരാജ്യങ്ങളില്‍ കോവിഡിന്റെ ബിഎ2 വകഭേദം വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വേരിയന്റിനെ കണ്ടെത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.