അബുദബി: യുഎഇയില്‍ താമസവിസ എമിറേറ്റ്സ് ഐഡിയില്‍ രേഖപ്പെടുത്തി തുടങ്ങിയതോടെ പണമിടപാടുകള്‍ക്ക് ഐഡി മതിയെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് നിർദ്ദേശിച്ചു. രാജ്യത്തെ ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കുമാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. യുഎഇയില്‍ താമസ തൊഴില്‍ വിസയുളളവർക്ക് ഇനി മുതല്‍ എമിറേറ്റ്സ് ഐഡിയുണ്ടെങ്കില്‍ ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും പണമിടപാട് നടത്താം.
ഏപ്രില്‍ 11 മുതലാണ് എമിറേറ്റ്സ് ഐഡിയില്‍ താമസ വിസ രേഖപ്പെടുത്തുന്നത് യുഎഇ ആരംഭിച്ചത്. വിസ പുതുക്കുന്നവർക്ക് എമിറേറ്റ്സ് ഐഡിയിലാണ് രേഖപ്പെടുത്തി നല്‍കുന്നത്. അതായത്, വിസയ്ക്കും എമിറേറ്റ്സ് ഐഡി കാർഡിനുമുളള അപേക്ഷ ഏകീകരിച്ചു. എല്ലാ എമിറേറ്റുകളിലേക്കും ഈ സംവിധാനം നിലവില്‍ വരുന്നതുവരെ ചിലയിടങ്ങളില്‍ വിസ പാസ്പോർട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് തുടരും.
നേരത്തെ ബാങ്ക് അക്കൗണ്ട് തുറക്കുന്നതുള്‍പ്പടെ പൊതു സ്വകാര്യ മേഖലകളിലെ മിക്ക ഇടപാടുകള്‍ക്കും വിസ പേജിന്‍റെ ഫോട്ടോ കോപ്പി നിർബന്ധമായിരുന്നു. എമിറേറ്റ്സ് ഐഡി താമസവിസ രേഖയായി മാറുന്നതോടെ ഇത് ആവശ്യമില്ലാതാകും.