ആക്രമണങ്ങള്‍ക്ക് മറുപടി: ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും താല്‍ക്കാലത്തേക്ക് മരവിപ്പിച്ച് യുഎഇ

ആക്രമണങ്ങള്‍ക്ക് മറുപടി: ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക  ഇടപാടുകളും താല്‍ക്കാലത്തേക്ക് മരവിപ്പിച്ച്  യുഎഇ

ദുബായ്: ഗള്‍ഫ് മേഖലയില്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനുമായുള്ള എല്ലാവിധ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും യുഎഇ താല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പു വരുത്തുന്നതിനുമാണ് ഈ നടപടിയെന്ന് യുഎഇ വ്യക്തമാക്കി. ഇറാനില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങള്‍ക്കുനേരെ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി.

സമുദ്ര ഗതാഗതത്തെ ലക്ഷ്യം വെച്ചായിരുന്നു മിസൈല്‍ വിക്ഷേപണമെന്ന് യുഎഇ വിലയിരുത്തുന്നു. ഈ മിസൈലുകള്‍ കടലിലാണ് പതിച്ചത്. ഇതില്‍ ഒരെണ്ണം യുഎഇയുടെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു.

മിസൈല്‍ ഭീഷണി നിലനിന്നിരുന്നതിനാല്‍ യുഎഇ ആഭ്യന്തര മന്ത്രാലയം താമസക്കാര്‍ക്ക് അടിയന്തര സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ നിലവില്‍ രാജ്യത്തെ സാഹചര്യം സുരക്ഷിതമാണെന്നും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിടാന്‍ തങ്ങള്‍ പൂര്‍ണ സജ്ജരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.