അബുദാബി: അബുദബിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ശനിയാഴ്ച മാത്രമെ പുറപ്പെടുകയുളളൂവെന്ന് യാത്രാക്കാർക്ക് അറിയിപ്പ് ലഭിച്ചു. വ്യാഴാഴ്ച രാത്രി 11.40 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.45 ലേക്ക് മാറ്റിയത്.
150 ഓളം യാത്രാക്കാരാണ് വിമാനത്തില്‍ പോകാനായി എത്തിയിരിക്കുന്നത്. വ്യാഴാഴ്ച 9 ന് പോകേണ്ടിയിരുന്ന വിമാനം 11.40 ലേക്ക് മാറ്റിയതായി യാത്രാക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച വിമാനത്താവളത്തിലെത്തിയവരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.
താമസവിസയിലുളളവരെ വിമാനത്താവളത്തിന് പുറത്തിറക്കിയെങ്കിലും സന്ദർശക വിസയിലടക്കമെത്തിയവർ കാത്തിരിപ്പ് തുടരുകയാണ്. ചികിത്സയ്ക്കും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമായി നാട്ടിലേക്ക് പോകേണ്ടവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്. സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന് കാരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.