ഷാർജ: ഭാരതത്തിന്റെ അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഷാർജ സെൻറ് മൈക്കിൾസ് ദേവാലയത്തിൽ കോടിയേറി. കൊടിയേറ്റ് കർമങ്ങൾ ഇടവക വികാരി ഫാദർ ഫാ. സബരി മുത്തു, ഫാദർ ജോസ് വട്ടുകുളത്തിൽ, ഫാദർ റെജി മനക്കലേത്ത് , ഫാദർ ഡെന്നിസ് സൽദാന എന്നിവരുടെ കാർമികത്വത്തിൽ നടന്നു. നൂറു കണക്കിന് വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
ജൂൺ 23 മുതൽ ജൂലൈ 1 വരെ 9 ദിവസത്തെ നൊവേനയും, പ്രധാന തിരുനാൾ ദിനമായ ജൂലൈ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻറെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും, ലദീഞ്ഞും, സ്‌നേഹവിരുന്നും തിരുനാളിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതായി ഫാദർ ജോസ് വട്ടുകുളത്തിൽ അറിയിച്ചു.
ഇടവകയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുടെയും, മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. ഇടവക സമൂഹം ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നാണ് ദുക്റാന തിരുനാൾ.

