തിരുവനന്തപുരം: ഇടപ്പഴഞ്ഞിയിൽ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ടു. വീട് കുത്തിത്തുറക്കുന്നത് തടഞ്ഞപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ പോലീസ് സംഘം മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലീസിന് നേരേയും തോക്ക് ചൂണ്ടി കടന്നുകളയുകയായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഇടപ്പഴഞ്ഞിയിലെ ഒരു ഹൗസിങ് കോളനിയിലെ അടഞ്ഞു കിടക്കുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താനായിരുന്നു രണ്ടുപേരുടെ പദ്ധതി. എന്നാല്‍ വീട് കുത്തിത്തുറക്കാനുള്ള ശ്രമം സമീപ വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. സമീപ വാസികള്‍ മോഷണശ്രമം തടയുകയും ഇവരെ ചോദ്യം ചെയ്യാനെത്തുകയും ചെയ്തു. ഇതോടെ രണ്ടുപേരും നാട്ടുകാര്‍ക്ക് നേരേ തോക്ക് ചൂണ്ടി സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ മ്യൂസിയം പൊലീസിന് ലഭിച്ചിട്ടുണ്ട്. തോക്കുൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികൾ നഗരം വിട്ട് പോയിട്ടില്ലെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.