തിരുവനന്തപുരം: കഠിനംകുളത്ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ മെഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്.
മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. മൂന്ന് മാസം മുന്‍പാണ് ഇവര്‍ ഹോസ്റ്റലില്‍ എത്തിയത്. ബുധനാഴ്ച രാത്രിയില്‍ സംശയകരമായ രീതിയില്‍ ഒരു ബൈക്ക് ഹോസ്റ്റലിന്റെ പരിസരത്തു കണുകയും ഇതു കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനിടെ മൂന്നു പേര്‍ കോണ്‍വെന്റിന്റെ മതില്‍ ചാടി പൊലീസിനു മുന്നില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു വിവരങ്ങള്‍ പുറത്തെത്തുന്നത്.
സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ഇവര്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെത്തി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികളുടെ മൊഴിയിലാണു പോക്‌സോ നിയമ പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.