തൃശൂർ: കൈപ്പമംഗലത്ത് കോൾഗേറ്റ് കമ്പനിയുടെ പേരിൽ വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി. കമ്പനിയുടെ പേരിൽ വ്യാജമായി നിർമ്മിച്ച് കടകളിൽ എത്തിച്ച ടൂത്ത് പേസ്റ്റാണ് പൊലീസ് പിടികൂടിയത്. കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം പോലീസ് പരിശോധന നടത്തിയത്.
കൈപ്പമംഗലത്തെ മൂന്നു കടകളിലും പെരിഞ്ഞനത്തെ രണ്ട് മൊത്ത വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ നിന്ന് 365 വ്യാജ ടൂത്ത് പേസ്റ്റുകളാണ് കണ്ടെടുത്തത്. 2022 ജനുവരിയിൽ കോൾഗേറ്റ് കമ്പനി ഉല്പാദനം നിർത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാൻഡ് നെയിമിലാണ് വ്യാജൻ ഇറക്കിയിരിക്കുന്നത്.
കോൾഗേറ്റ് കമ്പനി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വ്യാജ ടൂത്ത് പേസ്റ്റ് വിതരണം ചെയ്ത ഏജൻസിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.