വിഴിഞ്ഞം സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത; സമര സ്ഥലത്ത് ഇന്ന് കൂടുതല്‍ പൊലീസുകാര്‍

 വിഴിഞ്ഞം സമരം കടുപ്പിക്കാന്‍ ലത്തീന്‍ അതിരൂപത; സമര സ്ഥലത്ത് ഇന്ന് കൂടുതല്‍ പൊലീസുകാര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകും.

ഉപരോധ സമരത്തിന്റെ 12ാം ദിനമായ ഇന്ന് സെന്റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍ത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടക്കുക. അതേസമയം ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സമരത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍ സമരസമതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

സമരത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചിരുന്നു. അക്കാര്യത്തിലെ കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാകും അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന സമരത്തിന്റെ മൂന്നാം ഘട്ടത്തിന്റെ രീതികളെക്കുറിച്ച് തീരുമാനം എടുക്കുക.

മുഖ്യമന്ത്രിയുമായി ലത്തീന്‍ അതിരൂപത നടത്തിയ ചര്‍ച്ചയും ഫലം കാണാതെ വന്നതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി ലത്തീന്‍ അതിരൂപതയുടെ ചര്‍ച്ച വീണ്ടും നടന്നേക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.