തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. മൂന്ന് ബൈക്കുകളില്‍ എത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാര്‍ പറയുന്നു. കല്ലേറില്‍ ഓഫീസിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിനാണ് കേടുപാട് സംഭവിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ബൈക്കില്‍ ആറു പേരുണ്ടായിരുന്നുവെന്നാണ് സൂചന. ഇവര്‍ ഓഫീസിന് മുമ്പിലെത്തി ബൈക്കില്‍ ഇരുന്നു കൊണ്ടു തന്നെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. നഗരത്തില്‍ അക്രമം അഴിച്ചു വിടാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയുണ്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിന്. എന്നിട്ടും ആക്രമണം നടന്നത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.