കണ്ണൂര്‍: കണ്ണൂര്‍ നെടുംപൊയില്‍ ചുരത്തിലും പൂളക്കുറ്റി മേലെ വെള്ളറയിലും ഉരുള്‍പൊട്ടില്‍. നെടുംപൊയില്‍ മാനന്തവാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഏലപ്പീടികയ്ക്ക് സമീപം വനത്തിലും ഇന്ന് ഉരുള്‍പൊട്ടലുണ്ടായി.
കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളറയില്‍ അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.