ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വാനോളം പുകഴ്ത്തി യു. പ്രതിഭ എംഎല്‍എ. ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങിലാണ് സിപിഎം വനിതാ എംഎല്‍എയായ പ്രതിഭയുടെ പുകഴ്ത്തല്‍. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള ഇഷ്ടവും ശ്രദ്ധേയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടന്നും പ്രതിഭ പറഞ്ഞു.
ഗവര്‍ണര്‍ ചിരിയോടെ നന്ദി പ്രകടിപ്പിച്ചു. ചെട്ടികുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ വ്യക്തമാക്കി. എല്ലാവരോടും വളരെ സ്നേഹത്തോടെയാണു ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തില്‍ അദ്ദേഹത്തിനു പ്രത്യേക ശ്രദ്ധയുണ്ടെന്നും പ്രതിഭ പറഞ്ഞു.
ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍, യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്നും പിന്നീടെത്താമെന്നും മന്ത്രി സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. ശിവന്‍കുട്ടി എത്താതിരുന്നത് തിരുവനന്തപുരത്ത് ചില രാഷ്ട്രീയ പ്രശ്നങ്ങളുള്ളതിനാലാണെന്ന് പ്രതിഭയും വ്യക്തമാക്കി. രമേശ് ചെന്നിത്തല എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തു.