ഹരിപ്പാട്: മുട്ടത്ത് കല്യാണ സദ്യയില്‍ രണ്ടാമതും പപ്പടം നൽകാത്തതിനെ തുടര്‍ന്ന് സംഘർഷം. സ്വകാര്യ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിനിടെയാണ് സംഭവം.
കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വിവാഹത്തിനു ശേഷം ഭക്ഷണം വിളമ്പുന്നതിനിടയില്‍ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടാമത് പപ്പടം നല്‍കാനാകില്ലെന്ന് വിളമ്പുന്നവര്‍ അറിയിച്ചതോടെ വാക്കു തര്‍ക്കമായി.വാക്കു തര്‍ക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു.
ഇന്നലെ രണ്ടു മണിക്ക് നടന്ന സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ കരീലകുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.