ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ ഹാജരാകണം: ഹൈക്കോടതി

ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ ഹാജരാകണം: ഹൈക്കോടതി

കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെ നടൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. ഓണവധി കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ആനക്കൊമ്പ് പിടികൂടുമ്പോള്‍ മോഹന്‍ലാലിന് ഉടമസ്ഥാവകാശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഹര്‍ജി കീഴ്ക്കോടതി തള്ളിയാല്‍ എങ്ങനെയാണ് കേസിലെ പ്രതിയായ മോഹന്‍ലാല്‍ ഹര്‍ജി നല്‍കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. 

2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണ കുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.