കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ദ്വിദിന സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തണം. അങ്കമാലി-മുട്ടം, എംസി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെ നിയന്ത്രണമുണ്ടാകും. ഈ സമയം കണ്ടെയ്നര്‍, ഗുഡ്സ് വാഹനങ്ങള്‍ അനുവദിക്കില്ല.
അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര, കോടനാട്, വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.