തിരുവനന്തപുരം: നെടുമങ്ങാട് പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പെട്ട ആറു വയസുകാരി മരിച്ചു. നസ്രിയ ഫാത്തിമയാണ് മരിച്ചത്. നസ്രിയ്‌ക്കൊപ്പം കാണാതായ ഷാനിയ്ക്കായി (33) തെരച്ചില്‍ തുടരുകയാണ്. മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നസ്രിയയുടെ ബന്ധുവാണ് ഷാനി. ഒഴുക്കില്‍പെട്ട നസ്രിയയെ വെള്ളച്ചാട്ടത്തില്‍ നിന്നും ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്രിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നുള്ള മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.
രക്ഷപ്രവര്‍ത്തകര്‍ ഇതില്‍ എട്ട് പേരെ കരയില്‍ എത്തിച്ചെങ്കിലും നസ്രിയയും ഷാനിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. നസ്‌റിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.