കൊല്ലം: നീണ്ട വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് പിരിഞ്ഞു. ബന്ധുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വരന്റെ പിതാവിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തുകയായിരുന്നു.
പിന്നീട് വിദേശത്തേക്ക് പോയ യുവാവ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിൽ തർക്കത്തിലായി.
മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്നമുണ്ടായത്.
പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്തതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു.