സംസ്ഥാനത്ത് അതിതീവ്ര മഴ: ശക്തമായ കാറ്റിന് സാധ്യത; എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘം എത്തുന്നു

 സംസ്ഥാനത്ത് അതിതീവ്ര മഴ: ശക്തമായ കാറ്റിന് സാധ്യത; എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘം എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ സംഘവും ഇന്നെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക.

മുന്നറിയിപ്പിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയര്‍ന്ന ഇടമലയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

ഉത്രാട ദിനമായ നാളെ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.