ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയും ഒറ്റപ്പെട്ട ശക്തമായ മഴയുമാണ് പ്രവചിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ തീവ്രമഴയാണ് നേരത്തെ പ്രവചിച്ചിരുന്നത്. പുതിയ മുന്നറിയിപ്പ് അനുസരിച്ച് വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയില്ല. ശക്തമായ മഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല.

വെള്ളിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ സെപ്റ്റംബര്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 11 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.