ആലപ്പുഴ: അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. മൂന്ന് പേരെ കാണാതായി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റര്‍ മാറിയാണ് മൃതദേഹം കിട്ടിയത്. അമ്പതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്. തുഴച്ചില്‍ക്കാര്‍ അല്ലാത്തവരും പള്ളിയോടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
മാവേലിക്കരയ്ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവില്‍ രാവിലെ 8.30ഓടെയാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്.
കൂടുതല്‍ ആളുകളെ കാണാതായിട്ടുണ്ടോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി. സ്ഥലത്ത് എംഎല്‍എ ഉള്‍പ്പടെ ഉള്ളവര്‍ എത്തിയിട്ടുണ്ട്.
നാളെയാണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍ പെട്ടത്. ആചാരത്തിന്റെ ഭാഗമായി പുഴയില്‍ ചുറ്റി പുറപ്പെടാന്‍ ഒരുങ്ങവെയാണ് അപകടം.
വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാരാണ് അപകടത്തിന് പിന്നാലെ ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.