കല്‍പ്പറ്റ: അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തങ്ങള്‍ക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം ഗവര്‍ണറോട് പറഞ്ഞു. ഇത് ദുഖകരമാണെന്നും ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. തുടര്‍ന്ന് നടന്ന ആദിവാസി സമ്മേളനത്തിലും ഗവര്‍ണര്‍ പങ്കെടുത്തു.
അതേസമയം സര്‍ക്കാരും താനും തമ്മിലുള്ള പ്രശ്നം കൊണ്ടല്ല അട്ടപ്പാടിയിലെത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞു. അട്ടപ്പാടിയിലെ പരിപാടി രണ്ടു മാസം മുന്‍പ് ഏറ്റതാണ്. സര്‍ക്കാരുമായി ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില മാധ്യമങ്ങള്‍ താനും സര്‍ക്കാറും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് വന്നതെന്ന് പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.