തിരുവനന്തപുരം: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. രാവിലെ നാവായിക്കുളത്തു നിന്നാണ് യാത്ര ആരംഭിച്ചത്. കടമ്പാട്ടുകോണത്തു വെച്ചാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്.
രാവിലെ എട്ടിന് അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട ജംക്ഷനില്‍ കൊല്ലത്തു നിന്നുള്ള നേതാക്കളും ചാത്തന്നൂര്‍ നിയോജക മണ്ഡലം പ്രവര്‍ത്തകരും ചേര്‍ന്നു രാഹുലിനെ സ്വീകരിച്ചു.
തുടര്‍ന്ന് ചാത്തന്നൂര്‍ എംപയര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്രമം. ഇതിനിടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ടു നാലിനു ചാത്തന്നൂരില്‍ പദയാത്ര പുനരാരംഭിച്ച് പള്ളിമുക്ക് മാടന്‍നടയില്‍ സമാപിക്കും.
അതേസമയം യാത്ര ഒരാഴ്ച പിന്നിടുമ്പോള്‍ ഒരു ദിവസം വിശ്രമം ക്രമീകരിച്ചിരിക്കുന്നതിനാല്‍ നാളത്തെ പര്യടനം ഒഴിവാക്കി. 16ന് പോളയത്തോട് നിന്നും യാത്ര പുനരാരംഭിക്കും. ഉച്ചയ്ക്ക് നീണ്ടകരയില്‍ കശുവണ്ടിത്തൊഴിലാളികളുമായി സംവദിക്കും. വൈകിട്ടു കരുനാഗപ്പള്ളിയില്‍ സമാപനം. 17 ന് രാവിലെ 10ന് ഓച്ചിറ വഴി ആലപ്പുഴയില്‍ പ്രവേശിക്കും.