തിരുവനന്തപുരം: ബൈക്കിന് കുറുകെ തെരുവ് നായ ചാടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ അജിന്‍ എ.എസ് (25) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.
അജിന്‍ സഞ്ചരിച്ച വാഹനത്തിന് മുന്‍പില്‍ പോകുകയായിരുന്ന ബൈക്ക് നായ കുറുകേ ചാടിയപ്പോള്‍ നിയന്ത്രണം തെറ്റി വീണു. ഈ ബൈക്കില്‍ ഇടിച്ച് അജിനും ബൈക്കും തെറിച്ച് വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അജിനെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നീതു. മകള്‍: യുവാന.
അതിനിടെ, തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം ഉണ്ടായി. നാഷണല്‍ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സ്റ്റാച്യു ഊറ്റുകുഴിയില്‍ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ശ്രീനിവാസനെ നായ പുറകേയെത്തി കാലില്‍ കടിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നത്. ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.