തിരുവനന്തപുരം: മലയാളിയായ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകള്‍ ശ്വേതയാണ് വധു.
തിരുവനന്തപുരം ആക്കുളത്ത് സുനില്‍ കുമാര്‍- ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീര്‍ഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിലെത്തിയത്.
ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഈമാസം 17ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് അരീനയില്‍ വൈകീട്ട് അഞ്ചു മുതല്‍ വിവാഹസല്‍ക്കാരം നടക്കും.
ബാഡ്മിന്റണ്‍ ടൂര്‍ സീരീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക റാങ്കിങ്ങില്‍ പ്രണോയ് 16ാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലെ പ്രണോയ്യുടെ ഏറ്റവും മികച്ച റാങ്കാണിത്. ബാഡ്മിന്റനില്‍ മികച്ച നേട്ടം കൈവരിച്ച ശേഷം മാത്രമാകും വിവാഹമെന്ന നിലപാടിലായിരുന്നു പ്രണോയ്.