കാക്കനാട്: ഫ്ളാറ്റിന്റെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും യുവാവും അറസ്റ്റില്‍. നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണ് ഇരുവരെയും പിടികൂടിയത്.
പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടില്‍ അലന്‍ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അപര്‍ണ (24) എന്നിവരാണ് അറസ്റ്റിലായത്. അലന്‍ ഐടി കമ്പനിയിലെയും അപര്‍ണ ധനകാര്യ സ്ഥാപനത്തിലെയും ജീവനക്കാരാണ്.
മൂന്നുനിലയുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ ഒരു മുറിയും അടുക്കളയും ഹാളുമാണ് ഉള്ളത്. അടുക്കളയുടെ മൂലയില്‍ ചട്ടിയില്‍ ആയിരുന്നു കഞ്ചാവ് വളര്‍ത്തിയിരുന്നത്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയത്.
കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും ലഭിക്കാനും വായുസഞ്ചാരത്തിനും എല്‍ഇഡി ലൈറ്റുകളും എക്‌സോസ്റ്റ് ഫാനുകളും ഘടിപ്പിച്ച നിലയിലായിരുന്നു. നാലു മാസം വളര്‍ച്ചയെത്തിയ ചെടിക്ക് ഒന്നര മീറ്റര്‍ ഉയരമാണുള്ളത്.
കഞ്ചാവ് ചെടി വളര്‍ത്തുന്ന രീതി ഇന്റര്‍നെറ്റില്‍ നിന്ന് മനസിലാക്കിയായിരുന്നു പരിപാലിച്ചിരുന്നത്.