തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചുവെന്നും കൊന്നൊടുക്കിയാല്‍ പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണ്. ഇതില്‍ 15 പേരും വാക്‌സീന്‍ എടുക്കാത്തവരാണ്. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ പേവിഷ പ്രതിരോധ മാസമായി ആചരിക്കും. സെപ്റ്റംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന തീവ്രവാക്‌സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്‌സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.