തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുടെ ബംബർ നറുക്കെടുപ്പ് നാളെ. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കാനിരിക്കെ ഇതുവരെ 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 319 കോടി രൂപയുടെ ടിക്കറ്റുകൾ ആണ് ഇതുവരെ വിറ്റത്.
ഒന്നാം സമ്മാനം കൂടാതെ 5 കോടിയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു പ്രത്യേകത. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേർക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72000 പേർക്കും നൽകും. 3000 രൂപയുടെ 48600 സമ്മാനങ്ങളും 2000 രൂപയുടെ 6600 സമ്മാനങ്ങളും ആയിരം രൂപയുടെ 210600 സമ്മാനങ്ങളും ഓണം ബമ്പറിൽ ഉണ്ട്.