ഇംഗ്ലണ്ട് : ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ബ്രിട്ടനിലെ ലെസ്റ്റർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട അക്രമം ഒരാഴ്ച പിന്നിടുമ്പോഴും അടങ്ങുന്നില്ല.
ആഗസ്റ്റ് 28-ന് നടന്ന ഏഷ്യാ കപ്പ് മത്സരത്തെ തുടർന്ന് പാകിസ്ഥാനി ഇസ്ലാമിസ്റ്റുകൾ, ലെസ്റ്റർ പ്രദേശത്തെ ഹിന്ദുക്കളെയും അവരുടെ വീടുകളെയും ആക്രമിക്കുകയാണുണ്ടായത്.
പാകിസ്ഥാനി ഇസ്ലാമിസ്റ്റുകൾ തുടർച്ചയായി നടത്തുന്ന അക്രമത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച ഒരു കൂട്ടം ഹിന്ദുക്കൾ ഒന്നിച്ചുകൂടിയ പ്രതിഷേധസ്ഥലത്തേക്ക് കുപ്പി എറിയുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനസ്ഥലം വളയുകയും ചെയ്ത ഇസ്ലാമിസ്റ്റുകൾ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പോലീസ് ഉടൻതന്നെ സ്ഥലത്തെത്തുകയും പ്രകടനക്കാർക്കു സംരക്ഷണം നൽകുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഗൂഢാലാചന നടത്തിയതിനും ആയുധം കയ്യിൽ വച്ചതിനും 2 പേരെ അറസ്റ്റ് ചെയ്തു. തർക്കം ആരംഭിച്ചതിനു ശേഷം 27 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
മുഖംമൂടികളും ഹുഡ് ഉള്ള ടി ഷർട്ടുകളും ധരിച്ച അക്രമകാരികൾ ലെസ്റ്റർ നഗരത്തിന്റെ എല്ലാ ഭാഗത്തും ശനിയാഴ്ച കാണപ്പെട്ടതായി നഗരവാസികൾ പറഞ്ഞു. സംഘർഷം ലഘൂകരിക്കാനുള്ള പോലീസിന്റെ ഇടപെടൽ പര്യാപ്തമല്ല എന്നതാണ് പ്രദേശവാസികളുടെ അഭിപ്രായം.