'ഹര്‍ത്താല്‍ നിയമ വിരുദ്ധം; അക്രമികളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം': അടിയന്തര ഇടപെടലുമായി ഹൈക്കോടതി

'ഹര്‍ത്താല്‍ നിയമ വിരുദ്ധം; അക്രമികളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം': അടിയന്തര ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

മിന്നല്‍ ഹര്‍ത്താലുകള്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശിച്ചു.

പൗരന്മാരുടെ ജീവനു ഭീഷണിയാവുന്ന അക്രമം നടത്തുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണം. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണം. അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

പൊതു ഗതാഗതം സുഗമമായി നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ നടപടി വേണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. നിരവധി ഇടങ്ങളില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. അക്രമം തടയാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാരും ആക്രമിക്കപ്പെട്ടു. പലയിടങ്ങളിലും പെട്രോള്‍ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.