തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഇരുന്നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാവിലെ പതിനൊന്നുവരെ വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 197 പോപ്പുലര്‍ ഫ്രണ്ടുകാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചു വിടുന്നത്.
പൊതുമുതല്‍ നശിപ്പിച്ചതിനാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തത്.
സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്. 58 പേരെയാണ് കരുതല്‍ തടങ്കലില്‍ ആക്കിയത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.