സമരം നേരിടാന്‍ കെഎസ്ആര്‍ടിസി; കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന

സമരം നേരിടാന്‍ കെഎസ്ആര്‍ടിസി; കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനായ ടിഡിഎഫ് നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പണിമുടക്ക് നേരിടാന്‍ ശക്തമായ നടപടികളൊരുക്കുകയാണ് മാനേജ്മെന്റ്. സമരം മൂലം തൊഴിലാളികളുടെ അഭാവം നേരിട്ടാല്‍ പകരം സംവിധാനം ഒരുക്കുന്നതിനായി താത്ക്കാലികമായി ബദലി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയോഗിക്കുന്നതിന് ലിസ്റ്റ് തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

നിലവില്‍ കാലാവധി കഴിഞ്ഞ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് മുന്‍ഗണന നല്‍കി ലിസ്റ്റ് തയ്യാറാക്കുകയാണ്. താത്പര്യമുള്ള കാലാവധി കഴിഞ്ഞ പിഎസ്‌സി ഡ്രൈവര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി യൂണിറ്റുമായി ബന്ധപ്പെടണമെന്ന് എം.ഡി ആവശ്യപ്പെട്ടു.

715 രൂപ ഡ്യൂട്ടിക്ക് എന്ന നിലയില്‍ ദിവസ വേതന വ്യവസ്ഥയിലാകും നിയമിക്കുക. സമര കാലയളവില്‍ പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുക എന്ന താത്പര്യാര്‍ത്ഥവും ബദലി എന്ന നിലയില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ നിയമനം നടത്തുന്നതെന്നും എം.ഡി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.