തിരുവനന്തപുരം: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസില്‍ അനധികൃതമായി മാറ്റം വരുത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി ക്രിമിനല്‍ നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഈ ബസ് കരിമ്പട്ടികയിലുള്ളതാണ്. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാല്‍ യാത്ര തടയാനാവില്ലായിരുന്നു.
ബസ് അപകടത്തില്‍പ്പെടാനുള്ള കാരണം അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് ആന്റണി രാജു പറഞ്ഞു. അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചു. വേഗത നിയന്ത്രിക്കുന്ന ഉപകരണം അപകടത്തില്‍പ്പെട്ട ബസില്‍ നിന്നും എടുത്തു മാറ്റിയിരുന്നുവെന്നാണ് കണ്ടെത്തല്‍.
ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിലവില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആര്‍ടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ ചുമതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
ക്രമക്കേട് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.