പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പോപുലർ ഫ്രണ്ട് മുൻ സൗത്ത് ജില്ല സെക്രട്ടറി അറസ്റ്റിൽ. പട്ടാമ്പി ആലപ്പുഴ സ്വദേശി മേലെ ചെറുകുന്നത് അബ്ദുൽ കബീറിനെയാണ് ബുധനാഴ്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനയിലും പ്രതികളുപയോഗിച്ച വാഹനം നശിപ്പിക്കുന്നതിലും ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ഇതോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 28 ആയി.
മൂന്ന് ചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ഏപ്രിൽ 16 ന് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതിൽ മൂന്നു പേരാണ് കടയിൽ കയറി ശ്രീനിവാസനെ വെട്ടി വീഴ്ത്തിയത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെയുള്ള പ്രതികൾ പിടിയിലാകാനുണ്ട്. നേരത്തെ സൗത്ത് ജില്ലാ സെക്രട്ടറി അബു ബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.