സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മലയോര മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ തലസ്ഥാന നഗരിയില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇടവിട്ട് പെയ്ത മഴയില്‍ പലയിടങ്ങളിലും നേരിയതോതില്‍ വെള്ളക്കെട്ടുണ്ടായി. തമ്പാനൂര്‍, എസ്.എസ് കോവില്‍ റോഡ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.

കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയും മദ്ധ്യ-ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. മഴ ശക്തമായ സാഹചര്യങ്ങളില്‍ കൃത്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.