കോഴിക്കോട്: പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിക്കു ശേഷം മന്ത്രവാദികള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കുമെതിരെ മുന്‍കരുതലെടുത്ത് നാട്ടുകാര്‍. പത്തനംതിട്ട മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രം കോണ്‍ഗ്രസ്, സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ തല്ലിത്തകര്‍ത്തതിനു പിന്നാലെ കോഴിക്കോട് ആള്‍ ദൈവത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയവരെ നാട്ടുകാര്‍ തടഞ്ഞു.
കായണ്ണ ചന്ദനവയല്‍ ചാരുപറമ്പിലാണ് സംഭവം. ഇവിടെ ആള്‍ ദൈവത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ചാരുപറമ്പില്‍ രവി എന്ന ആള്‍ ദൈവമാണ് ദര്‍ശനം നല്‍കുന്നത്.
ഇയാളെ ബാലാവകാശ നിയമ പ്രകാരം കാക്കൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല ആളുകളെയും ചൂഷണം ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ ദര്‍ശനത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുകയാണ്.
ഇവിടേക്ക് പോകുന്ന ആളുകളെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ ഒരു ഓട്ടോയിലും നാല് കാറിലും വന്ന ആളുകളെ തിരിച്ചയക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് വാഹനങ്ങള്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.