മുടിക്ക് കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവിട്ടിയും മലയാലപ്പുഴ ശോഭനയുടെ ബാധ ഒഴിപ്പിക്കല്‍; കൂടുതല്‍ നടപടിയെന്ന് പൊലീസ്

മുടിക്ക് കുത്തിപ്പിടിച്ചും നെഞ്ചില്‍ ചവിട്ടിയും മലയാലപ്പുഴ ശോഭനയുടെ ബാധ ഒഴിപ്പിക്കല്‍; കൂടുതല്‍ നടപടിയെന്ന് പൊലീസ്

പത്തനംതിട്ട: മലയാലപ്പുഴയില്‍ അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ബാധ ഒഴിപ്പിക്കലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇവരുടെ അടുത്തെത്തിയ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച് നെഞ്ചില്‍ ചവിട്ടി വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

'സത്യം പറയെടി' എന്ന് പറഞ്ഞ് നെഞ്ചില്‍ കാല് കയറ്റി വെച്ചാണ് യുവതിക്ക് നേരെ ആക്രമണം. ആക്രമണത്തിനിടെ മന്ത്രവാദിനി ആക്രോശിക്കുന്നുണ്ട്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യമാണ് പുറത്തുവന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം.

യുവതിക്ക് ബാധയുണ്ടെന്ന് സംശയിച്ച് ബന്ധുക്കള്‍ മന്ത്രവാദിനിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. വീഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ്.പി. സ്വപ്നില്‍ മധുകര്‍ പറഞ്ഞു.

അലറിവിളിച്ച് തുള്ളുകയും നാക്കുനീട്ടി ഗോഷ്ടി കാണിക്കുകയുമൊക്കെയാണ് ശോഭനയുടെ മന്ത്രവാദ ശൈലി. ഇതൊക്കെ ചെയ്യുമ്പോള്‍ മന്ത്രവാദത്തിനെത്തിയവര്‍ കൈകൂപ്പി മന്ത്രോച്ഛാരണം ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.