തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ മന്ത്രിമാര്‍ പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വാഴ്സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, ട്വീറ്റിലൂടെയാണ് ഗവര്‍ണറുടെ പുതിയ മുന്നറിയിപ്പ്.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് മുഹമ്മദ് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
കേരള, കണ്ണൂര്‍ വാഴ്സിറ്റി നിയമനങ്ങളില്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും സര്‍ക്കാരും ഗവര്‍ണറും നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ ഭീഷണി. വാഴ്സിറ്റി നിയമനങ്ങളിലും ലോകായുക്ത ഭേദഗതി ബില്ലിലും ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് നേരത്തെ മന്ത്രിമാര്‍ രംഗത്തു വന്നിരുന്നു.
നിയമസഭ പാസാക്കിയ സര്‍വകലാശാലാ ബില്ലും ലോകായുക്ത ഭേദഗതി ബില്ലും ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണറുടെ പുതിയ നീക്കം സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.