സംസ്ഥാനത്ത് കനത്ത മഴ: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ആളിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴ: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ആളിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നലെ രാത്രിയോടെ ശക്തമായ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പല റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ തുടരുന്നതിനാൽ ആളിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, വയനാട് ഒഴികെ 9 ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് ആണ്.

തിരുവനന്തപുരം - ചെങ്കോട്ട ദേശീയ പാതയിൽ മണ്ണ് തിട്ട ഇടിഞ്ഞ് റോഡിൽ വീണതിനെ തുടർന്ന് തടസ്സപ്പെട്ട വാഹന​ഗതാ​ഗതം പുനസ്ഥാപിച്ചു. ചുള്ളിമാനൂർ - വഞ്ചുവത്ത് ആണ് രാവിലെ നാല് മണിയോടെ മണ്ണ് തിട്ട ഇടിഞ്ഞ് റോഡിൽ വീണത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ​ഗതാ​ഗതം പുനസ്ഥാപിച്ചത്.

 21 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും സാധ്യത ഉണ്ട്.

തെക്കു കിഴക്കൻ അറബിക്കടലിലെ കേരള തീരത്തെ ചക്രവാതച്ചുഴി, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ഉള്ള ന്യൂനമർദ പാത്തി, തെക്കു പടിഞ്ഞാറൻ അറബിക്കടലിലെ മറ്റൊരു ചക്രവാതച്ചുഴി എന്നിവയാണ് ഇപ്പോഴത്തെ വ്യാപക മഴയ്ക്കു കാരണം. വ്യാഴാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മഴ ഇനിയും ശക്തമാകും.  

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.