തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ പിടിവാശികാരണം മിനിലോറിയില്‍ കൊണ്ടുവന്ന തറയോടു പായ്ക്കറ്റുകള്‍ വീട്ടമ്മ ഒറ്റയ്ക്ക് വീട്ടിലിറക്കി. പൗഡിക്കോണം പാണന്‍വിളയ്ക്കടുത്തു പുത്തന്‍വിള ബഥേല്‍ ഭവനില്‍ ദിവ്യയ്ക്കാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്.
തിരുവനന്തപുരം നഗരസഭയില്‍ നിന്നുള്ള സഹായം കൂടി പ്രയോജനപ്പെടുത്തിയാണ് വീടു പണിയുന്നത്. നാലുവര്‍ഷം മുമ്പ് പണി തുടങ്ങിയതാണെങ്കിലും സാമ്പത്തിക പ്രയാസം കാരണം പണി പൂര്‍ത്തിയായിരുന്നില്ല. ഭര്‍ത്താവ് മരണപ്പെട്ട ദിവ്യ കേശവദാസപുരത്തെ കണ്ണാശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
സഹോദരന്‍ ബിനുവും ഭാര്യ രജനിയുമാണ് ദിവ്യക്കു വേണ്ടി തിങ്കളാഴ്ച രാവിലെ തറയോടുകള്‍ വാങ്ങിക്കൊണ്ടു വന്നത്. പത്തരയോടെ മിനിലോറി ദിവ്യയുടെ വീട്ടുവളപ്പില്‍ക്കയറ്റിയപ്പോള്‍ ബിനു ഏതാനും ഗ്രാനൈറ്റ് പാളികളും മൂന്നോ നാലോ തറയോടു പായ്ക്കറ്റുകളും ഇറക്കിവെച്ചു. അപ്പോഴാണ് വിവിധ യൂണിയനുകളില്‍പ്പെട്ട, യൂണിഫോമണിഞ്ഞ പത്തോളം ചുമട്ടുതൊഴിലാളികള്‍ ലോഡിറക്കാന്‍ വന്നത്. അവര്‍ക്കു കൂലി കൊടുക്കാന്‍ കാശില്ലെന്ന് ബിനുവും രജനിയും പറഞ്ഞു.
സഹികെട്ട് അഞ്ഞൂറുരൂപ കൊടുത്തു പറഞ്ഞുവിടാന്‍ ബിനു ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ വാങ്ങിയില്ല. വീട്ടുടമയെ ലോഡിറക്കാവൂവെന്നും മറ്റുള്ളവര്‍ അതു ചെയ്യാന്‍ പാടില്ലെന്നും തൊഴിലാളികള്‍ ശഠിച്ചു. വീട്ടുടമസ്ഥയുടെ സഹോദരനും ഭാര്യയുമാണെന്ന് ബിനുവും രജനിയും സ്വയം പരിചയപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.
വിവരമറിഞ്ഞ് പന്ത്രണ്ടുമണിയോടെ ദിവ്യ വന്നു. തറയോടു പായ്ക്കറ്റുകള്‍ താഴെയിറക്കാന്‍ ദിവ്യയെ ബിനുവും രജനിയും സഹായിക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ അനുവദിച്ചില്ല. വീട്ടുടമസ്ഥ ഒറ്റയ്ക്കുതന്നെ അതു ചെയ്യണമെന്ന് അവര്‍ വാശിപിടിച്ചു. നാലുവീതം തറയോടുകളുള്ളതായിരുന്നു പായ്ക്കറ്റുകള്‍. അറുപതോളം വരുന്ന പായ്ക്കറ്റുകള്‍ ദിവ്യ ഒന്നരമണിയോടെ താഴെയിറക്കുകയായിരുന്നു. അതു ദിവ്യ തനിയേ ആണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ തൊഴിലാളികള്‍ തറയോടുകള്‍ ഇറക്കി കഴിയും വരെ സ്ഥലത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു.