തിരുവനന്തപുരം: സ്‌കൂള്‍ വിനോദ യാത്രകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. വിനോദ യാത്രയ്ക്കുള്ള ദിവസം നിജപ്പെടുത്തിയതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
ഇനി വര്‍ഷത്തില്‍ മൂന്ന് ദിവസം മാത്രമേ വിനോദയാത്രയ്ക്കായി നീക്കിവയ്ക്കാന്‍ അനുവാദമുള്ളു. രാത്രി പത്തിനുശേഷവും രാവിലെ അഞ്ചിന് മുന്‍പും യാത്ര പാടില്ലെന്നും പുതുക്കിയ മാര്‍ഗരേഖ പറയുന്നു.
ഗതാഗതവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ. വാഹനങ്ങളുടെ രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പാക്കണം. നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകള്‍ ഉപയോഗിക്കരുത്.
വിനോദ പഠന യാത്രയ്ക്ക് മുന്‍പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്‌കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ അറിയിക്കണം. വിനോദയാത്രയില്‍ 15 വിദ്യാര്‍ഥികള്‍ക്ക് ഒരുഅധ്യാപകനെന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം പാലിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.