പാലക്കട്: മധു വധക്കേസില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍. കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പത്തൊമ്പതാം സാക്ഷി കക്കിയാണ് അനുകൂല മൊഴി നല്‍കിയത്. പ്രതികളെ പേടിച്ചിട്ടാണ് നേരത്തെ കൂറുമാറിയതെന്നും കക്കി കോടതിയില്‍ ബോധിപ്പിച്ചു.
കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും മണ്ണാര്‍ക്കാട് എസ്ഇഎസ്ടി വിചാരണക്കോടതിയില്‍ സാക്ഷി പറഞ്ഞു. മധുക്കേസുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ മൊഴി ശരിയാണെന്നും ഇയാള്‍ കോടതിയില്‍ വ്യക്തമാക്കി.
മധുവിനെ പോലെയൊരാളെ പിടിച്ചുകൊണ്ടു വരുന്നത് കണ്ടു. അജമലയില്‍ വെച്ചും മധുവിനെ കണ്ടിരുന്നു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞിരുന്നു എന്നെല്ലാമായിരുന്നു കക്കിയുടെ മൊഴി. ഇക്കാര്യങ്ങള്‍ പൊലീസിനോട് താന്‍ ബോധിപ്പിച്ചിരുന്നുവെന്നും സാക്ഷി കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ ജൂണ്‍ മാസത്തില്‍ നടന്ന വിസ്താരത്തിലാണ് കക്കി മൊഴി മാറ്റി പറഞ്ഞത്. ഇത് പ്രതികളെ പേടിച്ചിട്ടായിരുന്നുവെന്നാണ് ഇപ്പോള്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍. കൂറുമാറിയ 18, 19 സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ച് വീണ്ടും വിസ്തരിക്കവെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.