കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
കേസില്‍ താന്‍ നിരപരാധിയാണ്. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്റെ നിരപരാധിത്വം കോടതിയെ ഞാന്‍ അറിയിച്ചിട്ടുണ്ട് ഇതേ തുടർന്ന് കോടതി മുന്‍കൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ പുറത്തുവിടാൻ കഴിയുകയില്ല. ഇനി കോടതിയില്‍ ചെന്ന് ജാമ്യം എടുക്കേണ്ടതുണ്ട്. എന്ത് തന്നെയായാലും എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും എംഎല്‍എ പറയുന്നു.