കൊച്ചി: മന്ത്രിമാരെ പിന്‍വലിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൃപ്തി പിന്‍വലിക്കല്‍ എന്നാല്‍ മന്ത്രിയെ പിന്‍വലിക്കല്‍ എന്നല്ല. തന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കവേ ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിനെതിരെ വീണ്ടും അതിരൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഇന്നും ഉന്നയിച്ചത്. പാകിസ്ഥാന്റെ ഭാഷയില്‍ ഭരണഘടനക്കെതിരെ സംസാരിക്കുന്നവര്‍ വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സര്‍ക്കാര്‍ ശമ്പളത്തില്‍ വെക്കുന്നത്. തന്റെ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ നിയമ മന്ത്രി ആരാണെന്നും ഗവര്‍ണര്‍ ചോദിച്ചു.
വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിയമനം നടത്താന്‍ ആര്‍ക്കാണ് അര്‍ഹതയെന്ന് സുപ്രീം കോടതി വിധിയോടെ വ്യക്തമായെന്ന് ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
രാഷ്ട്രീയത്തില്‍ അധികാരത്തിനും മറ്റു പലതിനുമാണ് മുന്‍ഗണനയെന്നും എന്തുകൊണ്ടാണ് കേരളത്തിലെ യുവാക്കള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വരുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.